അഭിമാനിക്കാം; ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം
Thursday, September 28, 2023 9:05 AM IST
ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണനേട്ടം. സരബ്ജോത് സിംഗ്, ശിവ നര്‍വാള്‍, അര്ജുന് സിംഗ് ചീമ ടീം ആണ് തിളങ്ങിയത്.
മൂവരും 1,734 സ്കോര്‍ രേഖപ്പെടുത്തി. ചൈനയെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയത്. കൂടാതെ, സരബ്ജോത്തും അര്‍ജുനും 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ വ്യക്തിഗത ഫൈനലിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
നേരത്തെ, ഏഷ്യന്‍ ഗെയിംസ് വനിതാ 60 കിലോഗ്രാം സന്‍ഡ വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളിമെഡല്‍ നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ വുഷുവിലൂടെ നേടുന്ന എട്ടാമത്തെ മെഡലാണിത്.
നിലവില്‍ ആറു സ്വര്‍ണവും എട്ടുവെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.