ബാങ്ക് ലോക്കറില്‍ വച്ച 18 ലക്ഷം രൂപ ചിതല് തിന്നു! മകളുടെ വിവാഹത്തിനുള്ള സമ്പാദ്യമെന്ന് കണ്ണീരോടെ അമ്മ
വെബ് ഡെസ്ക്
Friday, September 29, 2023 6:55 AM IST
മൊറാദാബാദ്: യുപിയില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതല് തിന്ന് നശിച്ചതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊറാദാബാദ് സ്വദേശിനിയായ അല്‍ക്ക പഥക്ക് എന്ന സ്ത്രീ മകളുടെ വിവാഹ ആവശ്യത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു.
ലോക്കര്‍ എഗ്രിമെന്റ് പുതുക്കണമെന്ന് ഇവരെ ബാങ്ക് ജീവനക്കാര്‍ അറിയിക്കുകയും കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബ്രാഞ്ചിലേക്ക് വരണമെന്നും പറഞ്ഞു. ബാങ്കില്‍ വന്നതിന് പിന്നാലെ ലോക്കര്‍ തുറന്ന് നോക്കിയപ്പോഴാണ് 18 ലക്ഷം രൂപയുടെ നോട്ടുകള്‍ ചിതല് തിന്ന നിലയില്‍ കണ്ടെത്തിയത്.
ഇത് വലിയ വിവാദം സൃഷ്ടിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിന്റെ റിപ്പോര്‍ട്ട് അയച്ചതായി ബാങ്ക് ജീവനക്കാര്‍ വ്യക്തമാക്കി. ബാങ്ക് ലോക്കറുകളില്‍ പണം സൂക്ഷിക്കുന്നത് റിസര്‍വ് ബാങ്ക് നിരോധിച്ചിട്ടുള്ളതിനാല്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.
മൂല്യമേറിയ ആഭരണങ്ങള്‍, രേഖകള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത് പോലെയുള്ള നിയമത്തിന്റെ പിന്തുണയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് ലോക്കര്‍ ഉപയോഗിക്കേണ്ടതെന്നും പണമോ കറന്‍സിയോ സൂക്ഷിക്കാന്‍ വേണ്ടിയല്ലെന്നും ബാങ്ക് ഓഫ് ബറോഡ ലോക്കര്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇത്തരത്തില്‍ ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ മോഷണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് ഔദ്യോഗിക വെബ്സൈറ്റിലടക്കം വ്യക്തമാക്കുന്നുണ്ട്.