ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ
Wednesday, October 4, 2023 8:58 PM IST
ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വധശ്രമക്കേസിൽ കുറ്റകാരനെന്നുള്ള വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്.
ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.
വധശ്രമക്കേസില്‍ താന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്.
എന്നാല്‍ ഫൈസലടക്കമുള്ള നാലു പ്രതികള്‍ക്കും ലക്ഷദ്വീപ് കോടതി വിധിച്ച പത്തു വര്‍ഷത്തെ തടവുശിക്ഷ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ച് ജസ്റ്റീസ് എന്‍. നഗരേഷാണ് ഇടക്കാല ഉത്തരവു നല്‍കിയത്. അപ്പീല്‍ വിശദമായി വാദം കേട്ട് പിന്നീടു വിധി പറയും.
മുഹമ്മദ് ഫൈസലിന്റെ ക്രിമിനല്‍ പ്രവൃത്തിക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു വിലയിരുത്തിയാണ് ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.
തെരഞ്ഞെടുപ്പു നടപടികളെ ക്രിമിനല്‍വത്കരിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഗുരുതരമായ ആശങ്കയാണെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ ഇതു ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമനിര്‍മാണ സഭകളില്‍ പോലും അക്രമങ്ങളുണ്ടാകുന്നു. മുഹമ്മദ് ഫൈസലിനെതിരേ മൂന്നു കേസുകള്‍ വേറെയുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയെ വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയശേഷവും എംപിയോ എംഎല്‍എയോ ആയി തുടരാന്‍ അനുവദിക്കുന്നത് പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.