കേരള പര്യടനത്തിന് ഒരുങ്ങി കെ. സുധാകരൻ
Wednesday, October 4, 2023 10:46 PM IST
തിരുവനന്തപുരം: കേരള പര്യടനത്തിന് ഒരുങ്ങി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കേരള പര്യടനം.
ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. വ്യാഴാഴ്ച കെപിസിസി വിശാല എക്സിക്യൂട്ടീവിൽ ഈ തീരുമാനം അംഗീകരിക്കും. യാത്രയുടെ വിശദാംശങ്ങൾക്കും വ്യാഴാഴ്ചത്തെ യോഗത്തിൽ രൂപം നൽകും.
കേരള പര്യടനം യുഡിഎഫിന്റെ ബാനറിൽ നടത്തണോ എന്ന ആലോചനയും യോഗത്തിലുണ്ടായി. എന്നാൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ യാത്ര നടത്താനാണ് സാധ്യത. സംസ്ഥാന സർക്കാരിന്റെ ജനസദസിനു ബദലായി മണ്ഡലാടിസ്ഥാനത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവും ഉയർന്നു വന്നു. കെപിസിസി വിശാല എക്സിക്യൂട്ടീവിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രക്ഷോഭ പരിപാടികളേക്കുറിച്ചും ചർച്ച നടന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു മുന്‍പു പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്ത കാൽലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തും.