മണിപ്പുരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ രണ്ട് വീടുകൾ അഗ്നിക്കിരയാക്കി
Thursday, October 5, 2023 2:49 PM IST
ഇംഫാൽ: സംഘർഷഭൂമിയായ മണിപ്പുരിൽ വീണ്ടും അക്രമസംഭവങ്ങൾ. ഇംഫാൽ വെസ്റ്റിൽ രണ്ടു വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി. ബുധനാഴ്ച രാത്രി ന്യൂ കെയ്തെൽമാൻബി മേഖലയിലാണ് സംഭവം. രാത്രി പത്തോടെ പലതവണ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.
സംഭവത്തിനുശേഷം അക്രമികൾ ഓടിരക്ഷപെട്ടു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ നിയന്ത്രണവിധേയമാക്കി. ഇതിനു പിന്നാലെ ഒരുസംഘം മെയ്തെയ് വനിതകൾ സ്ഥലത്ത് സംഘടിച്ചെങ്കിലും സുരക്ഷാസേന ഇടപെട്ട് അവരെ പിരിച്ചുവിട്ടു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
മേയ് മൂന്നിന് മണിപ്പുരിൽ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതിനകം തന്നെ നിരവധി അക്രമസംഭവങ്ങൾക്കും ക്രൂരതകൾക്കുമാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 180-ലധികം ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദീർഘകാല സംഘർഷം മേഖലയിൽ കനത്ത നാശനഷ്ടം വരുത്തി.