അമ്മ വീട്ടിൽ നിന്ന് പുറത്താക്കിയ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു
Saturday, October 7, 2023 3:42 AM IST
കാൻസാസ്: യുഎസിലെ കാൻസാസിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അമ്മ വീട്ടിൽ നിന്ന് പുറത്താക്കിയ കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈക്കിൾ ഡബ്ല്യു. ചെറി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ രണ്ടിന് കുട്ടിയെ ഒരു പെട്രോൾ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. ശരീരം മുഴുവൻ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ വീട്ടിൽ തന്നെ താമസിച്ചിരുന്ന ആളാണ് ചെറി. ഇയാളും പെൺകുട്ടിയുടെ അമ്മയും തമ്മിലുള്ള ബന്ധം വ്യക്തമല്ല.
2018ൽ കുട്ടി ജനിച്ചപ്പോൾ മുതൽ കുട്ടിയെ ക്രൂരമായി മർദിക്കാറുണ്ടെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ സ്കൂളിൽ വിട്ടിരുന്നില്ല. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് വളർത്തിയത്. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ നൽകിയിരുന്നില്ല. പലപ്പോഴും ആളുകൾ വിളിച്ചറിയിക്കുമ്പോൾ സന്നദ്ധ സംഘങ്ങളാണ് ഭക്ഷണവും വസ്ത്രവുമടക്കം എത്തിച്ചിരുന്നത്.
അയൽവീടുകളിൽ ചെന്ന് കുട്ടി പതിവായി ഭക്ഷണവും കിടക്കാനിടവും ചോദിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്.