10 കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകന്, മൂന്നു മുറികള്‍ മാത്രമുള്ള നഴ്സിംഗ് കോളജ്; തട്ടിക്കൂട്ടു കോളജുകളുടെ കേന്ദ്രമായി മധ്യപ്രദേശ്
Saturday, October 7, 2023 4:05 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ 600ല്‍ പരം നഴ്സിംഗ് കോളജുകളില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഇവയില്‍ പലതിനും കൃത്യമായ സ്ഥലസൗകര്യമോ പഠിപ്പിക്കാന്‍ അധ്യാപകരോ ഇല്ലെന്നതാണ് വസ്തുത.
ഓഗസ്റ്റില്‍ മാത്രം മധ്യപ്രദേശില്‍ 19 നഴ്സിംഗ് കോളജുകളുടെ അംഗീകാരമാണ് റദ്ദ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബറില്‍ സിബിഐ 670 കോളജുകളില്‍ അന്വേഷണം നടത്തുകയായിരുന്നു. 2020-21 കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തവയായിരുന്നു ഇവയെല്ലാം.
മധ്യപ്രദേശിലെ മുന്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറായിരുന്ന എന്‍എം ശ്രീവാസ്തവ നടത്തിയിരുന്ന സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനം പോലും വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
മൂന്നുനില ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ നഴ്സിംഗ് കോളജില്‍ ബിഎസ്സി, ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളാണ് പഠിപ്പിച്ചിരുന്നത്.
എന്നാല്‍ മൂന്നു നിലകളില്‍ രണ്ടാമത്തെ നിലയില്‍ മാത്രമായിരുന്നു കോളജ് പ്രവര്‍ത്തിച്ചിരുന്നത് എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.
ഒരു നഴ്സിംഗ് കോളജ് രജിസ്റ്റര്‍ ചെയ്യാന്‍ 23,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലം, ആവശ്യത്തിനുള്ള അധ്യാപകര്‍, ലൈബ്രറി,100 കിടക്കകളുള്ള ആശുപത്രി എന്നിവ നിര്ബന്ധമെന്നിരിക്കെയാണ് വെറും മൂന്ന് മുറികളിൽ സവിത ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ബാധം പ്രവര്‍ത്തിച്ചു വന്നത്.
ഇത്തരം മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ട പദവി വഹിച്ചിരുന്ന ഒരാളാണ് ഈ അനധികൃത നഴ്സിംഗ് കോളജിന്റെ നടത്തിപ്പുകാരന് എന്നറിയുമ്പോഴാണ് സംഗതികളുടെ ഗൗരവം വ്യക്തമാവുന്നത്.
ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന കാര്യം 2015-16 കാലഘട്ടത്തില്‍ തുടങ്ങിയ ഈ കോളജില്‍ നിന്ന് നാല് ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങി വിവിധ ആശുപത്രികളില്‍ ജോലി നോക്കുന്നുണ്ട് എന്നതാണ്.
2020ലാണ് അവസാനമായി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. ഇപ്പോള്‍ അന്വേഷണം നടക്കുന്നതിനാല്‍ പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
അവസാന ബാച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായി തുടരുകയാണ്. ഇക്കാലയളവില്‍ പരീക്ഷകള്‍ ഒന്നും നടക്കാത്തതിനാലാണിത്. ഇതേത്തുടർന്ന് വിദ്യാര്‍ഥികള്‍ സമരപരിപാടികളുമായി മുമ്പോട്ടു പോകുന്നുണ്ട്.
ഇതിനു സമാനമായ നിരവധി കോളജുകളാണ് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ കോളജിലെ ജയിംസ് തോമസ് എന്ന അധ്യാപകന് ഒരേ സമയം ഭോപ്പാല്‍,ഗ്വാളിയോര്‍,ജബല്‍പുര്‍ എന്നിവിടങ്ങളിലുള്ള 10 കോളജുകളിലാണ് പഠിപ്പിക്കുന്നത്. ചില കോളജുകളുടെ പ്രിന്‍സിപ്പലും ഇയാള്‍ തന്നെയാണ്, മറ്റു ചിലതിലാകട്ടെ അസോസിയേറ്റ് പ്രഫസറായും ജോലി ചെയ്യുന്നു.
ഇവിടെ ജോലി ചെയ്യുന്ന കുമാരി ലീന,വിഷ്ണു കുമാര്‍ സ്വര്ണാക്കര് എന്നീ അധ്യാപകര്‍ യഥാക്രമം 18ഉം 15ഉം കോളജുകളിലാണ് പഠിപ്പിക്കുന്നത്.
ഇവിടെ പഠിക്കുന്ന പല വിദ്യാര്‍ഥികളും കോള്‍ സെന്ററുകളിലും പെട്രോള്‍ പമ്പുകളിലും നിന്നാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. പരീക്ഷകള്‍ നടക്കാത്തതിനാല്‍ ഭാവിയെപ്പറ്റി വലിയ ആശങ്കയാണുള്ളതെന്നും പലരും പറയുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.