ഫൈനലിൽ മഴ കളിച്ചു; ക്രിക്കറ്റിൽ സ്വർണം ഇന്ത്യയ്ക്ക്
Saturday, October 7, 2023 3:57 PM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ ഉപേക്ഷിച്ചതോടെയാണ് റാങ്കിംഗിലെ ഉയർന്ന സ്ഥാനം കണക്കാക്കി ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 18.2 ഓവറിൽ 112/5 എന്ന നിലയിൽ അഫ്ഗാൻ നിൽക്കേയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
അഫ്ഗാനായി സഹൈദുള്ള 49 റൺസോടെ പുറത്താകാതെ നിൽക്കുകയായിരുന്നു. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
നേരത്തെ വനിതാ വിഭാഗം ക്രിക്കറ്റിലും ഇന്ത്യ സ്വർണം സ്വന്തമാക്കിയിരുന്നു. 28 സ്വർണവുമായി മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 192 സ്വർണം നേടിയ ചൈനയാണ് പട്ടികയിൽ മുന്നിൽ.