ആംബുലന്‍സുകള്‍ക്ക് ഏകീകൃത നിറം; ഉത്തരവ് ശരിവച്ച് ഹൈക്കോടതി
Saturday, October 7, 2023 11:26 PM IST
കൊച്ചി: ആംബുലന്‍സുകള്‍ക്ക് ഏകീകൃത നിറമേര്പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവു ശരിവച്ച് ഹൈക്കോടതി. ശബ്ദ മലിനീകരണം ഒഴിവാക്കി ജനങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ആംബുലന്‍സുകള്‍ക്ക് കളര്‍ കോഡ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ കാസര്‍ഗോഡ് യൂത്ത് വോയ്സ് പടിഞ്ഞാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജി തള്ളി ജസ്റ്റീസ് ദിനേഷ് കുമാര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആംബുലന്‍സുകള്‍ക്ക് തിളങ്ങുന്ന വെള്ള നിറം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന ആംബുലന്‍സുകള്‍ക്ക് ചുറ്റിനും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയില്‍ നേവി ബ്ലൂ നിറത്തില്‍ വരയിടണം. മാത്രമല്ല ഈ വാഹനങ്ങളുടെ മുന്നിലും പിന്നിലും "HEARSES' എന്നെഴുതണമെന്നും ഉത്തരവിലുണ്ട്.
സര്‍വീസ് നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പേര് ആംബുലന്‍സില്‍ രേഖപ്പെടുത്തരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ഒന്നുമുതലാണ് പുതിയ ആംബുലന്‍സുകള്‍ക്ക് ഇതു നടപ്പാക്കിയത്. നിലവിലുള്ള ആംബുലന്‍സുകള്‍ അടുത്ത ഫിറ്റ്നസ് ടെസ്റ്റിനെത്തുമ്പോള്‍ കളര്‍കോഡ് ഉറപ്പാക്കാനും പറഞ്ഞിരുന്നു.