വ്യോമസേനയെത്തി; സിക്കിമിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതം
Monday, October 9, 2023 1:51 PM IST
കൊൽക്കത്ത: ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തിൽ തകർന്ന സിക്കിമിൽ ഇന്ത്യൻ വ്യോമസേന ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബാഗ്ദോഗ്രയിലെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വ്യോമസേനയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗരുഡ് കമാൻഡോകൾക്കൊപ്പം വാർത്താവിനിമയ ഉപകരണങ്ങൾ, ഇന്ധനം, മരുന്നുകൾ, തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമുള്ള ഉപകരണങ്ങൾ എന്നിവയും വഹിച്ചുകൊണ്ടുള്ള ചിനൂക്ക്, എംഐ 17 വി5 ഹെലികോപ്റ്ററുകൾ ദുരന്തമേഖകളിലെത്തി.
ഈസ്റ്റേൺ എയർ കമാൻഡ് മാനുഷിക സഹായ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഉടൻ ദുരന്തമേഖലകളിൽ ഒറ്റപ്പെട്ട വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ ഹെലികോപ്റ്ററുകൾ സജ്ജമെന്നെന്നും വ്യോമസേന അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പ്രവചിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ അവശേഷിച്ച ചെളിയിൽ നിന്നും അവശിഷ്ടങ്ങളിൽ നിന്നും ഇതുവരെ ഒമ്പത് സൈനികരുടേതുൾപ്പെടെ 33 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അതേസമയം കാണാതായ 105 ലധികം ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.
വടക്കൻ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലാ ഭരണകൂടം നദിയിൽ നിന്ന് 40 മൃതദേഹങ്ങൾ പുറത്തെടുത്തതായി അറിയിച്ചു.