ന്യൂസ്ക്ലിക്കിനെതിരേ കേസെടുത്ത് സിബിഐ; പിന്നാലെ റെയ്ഡ്
Wednesday, October 11, 2023 1:09 PM IST
ന്യൂഡൽഹി: വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം സിബിഐ ഏറ്റെടുത്തു. വിദേശ സംഭാവന വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് സിബിഐ അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്.
ഇതിനു പിന്നാലെ രാവിലെ ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുർകായസ്തയുടെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തി. പ്രബീറിന്റെ പങ്കാളിയും എഴുത്തുകാരിയുമായ ഗീത ഹരിഹരനെ ചോദ്യംചെയ്തു.
ന്യൂസ് ക്ലിക്ക് ജീവനക്കാരെയും ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും വ്യാപക പരിശോധന നടത്താനാണ് സിബിഐ നീക്കം.
ചൈനീസ് ഫണ്ടിംഗ് കേസിൽ പ്രബീർ പുർകായസ്തയയെയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയെയും ഡൽഹി കോടതി 10 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈമാസം മൂന്നിനാണ് ഇരുവരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് ഫണ്ട് സ്വീകരിച്ച്, രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്നതും അപകീർത്തികരവുമായ വാർത്തകൾ ഇവർ ആവർത്തിച്ച് പ്രസിദ്ധീകരിച്ചതായി എഫ്ഐആറിൽ പറയുന്നു.
ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്നീ ഏജൻസികൾനിലവിൽ ന്യൂസ്ക്ലിക്കിനെതിരേ അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് സിബിഐ കൂടി കേസെടുത്തത്.