വിമാനയാത്രയ്ക്കിടെ സഹയാത്രികന്റെ മോശം പെരുമാറ്റം; പരാതിയുമായി യുവനടി
Wednesday, October 11, 2023 3:20 PM IST
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടി. ചൊവ്വാഴ്ച മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്കി.
ഇ-മെയില്‍ വഴിയാണ് പോലീസിന് പരാതി അയച്ചിരിക്കുന്നത്. എന്നാല്‍ പരാതിയിലുള്ള നമ്പറില്‍ പോലീസ് നടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. പരാതിയിലെ വിലാസത്തില്‍ ഇവരുടെ വീട്ടിലെത്തി ഇന്ന് മൊഴിയെടുക്കുമെന്ന് നെടുമ്പാശേരി പ്രിന്‍സിപ്പല്‍ എസ്ഐ ഹരിദാസ് പറഞ്ഞു.
മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു യാത്ര ചെയ്യുകയായിരുന്നു നടി. മദ്യലഹരിയിലായിരുന്ന സഹയാത്രികന് തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
പോലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് കൊച്ചിയിലെത്തിയ ഇവര്‍ നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി അയയ്ക്കുകയായിരുന്നു.
പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.