ബട്ല ഹൗസ് ഏറ്റുമുട്ടല്‍; ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഡല്‍ഹി ഹൈക്കോടതി
Thursday, October 12, 2023 3:32 PM IST
ന്യൂഡല്‍ഹി: ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ കുറ്റക്കാരനായ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ ഇളവ് ചെയ്തത്.
വധശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവിനെതിരേ ആരിസ് ഖാന് നല്കിയ അപ്പീലിലാണ് കോടതി വിധി. എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു.
2008ലാണ് ജാമിയ നഗറിലെ ബട്ല ഹൗസിൽ ഡല്‍ഹി പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഡല്‍ഹിയില്‍ പലയിടത്തും സ്ഫോടനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഇവിടുത്തെ ഒരു ഫ്ലാറ്റില്‍ റെയ്ഡിനെത്തിയതായിരുന്നു പോലീസ്.
ഇവിടെ ഒളിച്ചിരുന്ന ഭീകരരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. അന്ന് ഇവിടെനിന്ന് രക്ഷപെട്ട ആരിസ് ഖാനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
2021ലാണ് കേസില്‍ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.