ഗവർണർക്ക് ഓർമപ്പിശകെന്ന് മുഖ്യമന്ത്രി
Thursday, October 12, 2023 7:57 PM IST
തിരുവനന്തപുരം: ഗവർണർക്ക് ഓർമപ്പിശകെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓർമക്കുറവുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിൽ പോകുന്നുണ്ട്. ഒരു കാര്യത്തിനും പോകാതിരുന്നിട്ടില്ല. താൻ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്പോൾ ഗവർണറെ പോയി കാണുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബില്ല് തയറാക്കിയ വകുപ്പും ആ വകുപ്പിന്റെ മന്ത്രിയും ഗവർണറുമായി സംസാരിക്കുന്നതാണ് നല്ലത്. ബില്ലുകളെക്കുറിച്ച് മന്ത്രിമാർ ഗവർണറോട് വിശദീകരിച്ചിട്ടുണ്ട്.
ബില്ലുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിക്കേണ്ട കാര്യമില്ല. അദ്ദേഹം എന്തോ പ്രത്യേക നില സ്വീകരിച്ചു പോകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.