ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ സൂക്ഷിച്ചോളൂ; ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തി
വെബ് ഡെസ്ക്
Thursday, October 12, 2023 8:18 PM IST
ന്യൂഡൽഹി: പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടതായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി). സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച സ്ഥാപനമാണ് സിഇആര്‍ടി.
ഹാക്കർമാർക്ക് പഴ്‌സണല്‍ കമ്പ്യൂട്ടറുകളടക്കമുള്ളവയിലേക്ക് സൈബറാക്രമണം നടത്താന്‍ ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ വഴിവെക്കുമെന്ന് സിഇആര്‍ടിയുടെ മുന്നറിയിപ്പിലുണ്ട്. നിലവില്‍ ക്രോമിലുള്ള വീഴ്ച്ചകള്‍ മുതലെടുത്ത് ഡിനൈയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഇക്കാരണത്താല്‍ തന്നെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഇത് അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ ക്രോമിന്‍റെ 118.0.5993.70 അല്ലെങ്കില്‍ 118.0.5993.71ന് മുമ്പുള്ള വിന്‍ഡോസ് പതിപ്പുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
പഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ക്രോം ഉപയോഗിക്കുന്ന മറ്റ് ഗാഡ്ജറ്റുകളിലും ആന്‍റിവൈറസ്, ഫയര്‍വാള്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.