യുദ്ധം ആഗോള ജിഡിപിയെ സാരമായി ബാധിക്കും, എണ്ണവില വർധിച്ചേക്കും: ഗീതാ ഗോപിനാഥ്
വെബ് ഡെസ്ക്
Saturday, October 14, 2023 11:05 PM IST
വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയിൽ ഗുരുതര ആഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ വംശജയുമായ ഗീതാ ഗോപിനാഥ്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ ഒട്ടേറെ രാജ്യങ്ങൾ പണപ്പെരുപ്പം മൂലം വലയുന്ന സമയത്താണ് യുദ്ധം ഭീഷണി ഉയർത്തുന്നത്.
യുദ്ധത്തിൽ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകുന്നതോടെ എണ്ണവില വർധനയും പണപ്പെരുപ്പവുമുണ്ടാകുമെന്നും ഇത് ആഗോള ജിഡിപിയെ സാരമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കി.
യുദ്ധം നടക്കുന്നയിടങ്ങളിൽ ഒട്ടേറെ സാധാരണക്കാരായ ജനങ്ങളുടെ മരണം സംഭവിച്ചത് ഹൃദയഭേദകമാണ്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് ഒരു നിശ്ചിത കാലയളവിനുള്ളിൽ മാത്രമേ അറിയാൻ സാധിക്കൂ.
ഇതിൽ പ്രധാനമായുണ്ടാകുക എണ്ണവിലയിലുള്ള മാറ്റമാണെന്ന് ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഐഎംഎഫിന്‍റെ നിഗമനമനുസരിച്ച് എണ്ണവിലയിൽ 10 ശതമാനം വർധനയുണ്ടായാൽ ആഗോള ജിഡിപിയിൽ 0.15 ശതമാനം ഇടിവുണ്ടാകുകയും പണപ്പെരുപ്പ നിരക്കിൽ 0.4 ശതമാനം വർധനയ്ക്ക് സാധ്യതയുണ്ടെന്നും ഇവർ വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരെയും ടൂറിസം മേഖലയേയും യുദ്ധം സാരമായി ബാധിക്കുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.