വെള്ളപ്പാച്ചിലില്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മിച്ച വീട് തകര്‍ന്നു
Sunday, October 15, 2023 1:26 PM IST
തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മിച്ച വീട് തകര്‍ന്നു. മലഞ്ചുറ്റ് സ്വദേശി സന്ധ്യയുടെ വീടാണ് തകര്‍ന്നത്.
ബണ്ട് തകര്‍ന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് വീട് തകര്‍ന്ന് വീണത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ചാക്ക ബൈപ്പാസിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. വെള്ളം കയറി ചില വാഹനങ്ങള്‍ തകരാറിലായി. വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റാന്‍ കഴിയാതെ വന്നതോടെ ഗതാഗത തടസവുമുണ്ടായി.
തേക്കുമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. ആമിഴഞ്ചന്‍ തോട് കരകവിഞ്ഞതോടെ പുത്തന്‍പാലത്ത് പല വീടുകളിലും വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തി ആളുകളെ കാമ്പിലേക്ക് മാറ്റുകയാണ്.