ബെല്ലാരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍
വെബ് ഡെസ്ക്
Sunday, October 15, 2023 6:27 PM IST
ബംഗളൂരു:20കാരിയായ വിദ്യാര്‍ഥിനിയെ കോളജില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍. കര്‍ണാടകയിലെ ബെല്ലാരിയിലുള്ള കോളജിലെ ബികോം വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ നാലു പേര്‍ക്കെതിരെ കേസെടുത്തുവെന്നും ഇതിലൊരാൾ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പരീക്ഷ നടക്കുന്നതിനിടെ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് അധ്യാപകരെ സമീപിച്ചു. ശേഷം പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയി ഓട്ടോറിക്ഷയില്‍ ബലമായി കയറ്റി. ശേഷം കൊപ്പാളിലുള്ള ഹോട്ടല്‍ മുറിയില്‍ എത്തിച്ചു.
ഇവിടെ വച്ച് പെണ്‍കുട്ടിയെ പ്രതികള്‍ മയക്ക് മരുന്ന് കലര്‍ത്തിയ ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ബോധരഹിതയായപ്പോള്‍ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
കേസില്‍ ബെല്ലാരി കൗള്‍ ബസാറിലുള്ള നവീന്‍, തനു, സഖീബ് എന്നിവര്‍ക്കും പേരറിയാത്ത മറ്റൊരാള്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. നവീനിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണെന്നും പോലീസ് അറിയിച്ചു.