കോഴ പരാതിയില്‍ അന്വേഷണം നടക്കട്ടെന്ന് മഹുവ മൊയിത്ര എംപി; ബിജെപിയുടെ ട്രോള്‍ ചിത്രത്തിന് നേരെ പരിഹാസം
വെബ് ഡെസ്ക്
Sunday, October 15, 2023 8:17 PM IST
ന്യൂഡല്‍ഹി: കോഴ വാങ്ങിയെന്ന പരാതിക്ക് പിന്നാലെ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച് കൃഷ്ണനഗറില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. പാര്‍ലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിനായി വ്യവസായിയില്‍ നിന്നും മഹുവ കോഴ വാങ്ങിയെന്നാണ് ബിജെപി നേതാവ് നിഷികാന്ത് ദുബെ പരാതി നല്‍കിയത്.
സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നിഷികാന്ത് പരാതി നല്‍കിയതിന് പിന്നാലെ സംഭവം വിവാദമായി. പരാതിയില്‍ പറയുന്ന വ്യവസായിയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും മഹുവ മൊയിത്ര പ്രതികരിച്ചിരുന്നു. പാര്‍ലമെന്‍റിൽ ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നേതാവാണ് മഹുവ.
ഇതിനിടെ മഹുവയുടേതെന്ന പേരില്‍ ബിജെപിയുടെ ട്രോള്‍ പേജുകളില്‍ പ്രചരിച്ച ചിത്രത്തിനെ ഇവര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. വെള്ള ബ്ലൗസിനേക്കാള്‍ പച്ച വസ്ത്രമാണ് തനിക്ക് ഇഷ്ടമെന്നും അത്താഴ വിരുന്നില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ചിത്രം കൂടി കാണിക്കൂ എന്നായിരുന്നു മഹുവയുടെ പരിഹാസം.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മഹുവയും തമ്മിലുള്ള ചിത്രമാണ് സമൂഹ മാധ്യമത്തില്‍ പ്രചരിച്ചത്. എന്തിനാണ് നിങ്ങള്‍ ചിത്രങ്ങള്‍ ക്രോപ്പ് (മുറിക്കുക) ചെയ്തതെന്നും മഹുവ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിച്ചിരുന്നു.