മദ്യപാനത്തിനിടെ അടിപിടി; യുവാവ് കൊല്ലപ്പെട്ടു
Monday, October 16, 2023 10:58 PM IST
ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ടു. സുഹൃത്തുക്കളായ മൂന്ന് പേർ കസ്റ്റഡിയിൽ. ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്ത് വീട്ടിൽ സതീശന്റെ മകൻ സജീവാണ് ( ഉണ്ണി - 32) മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം. സംഭവ സമയം സജീവിന് ഒപ്പമുണ്ടായിരുന്ന നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ (27) അരുൺ ഭവനത്തിൽ അരുൺ (33) ചെങ്ങന്നൂർ ഇലഞ്ഞിമേൽ മനോജ് ഭവനത്തിൽ മനോജ് (33) എന്നിവരെ കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയിൽ എടുത്തു.
അവശനിലയിലായ സജീവിനെ സുഹൃത്തുക്കളായ പ്രവീൺ, അരുൺ, മനോജ് എന്നിവർ ചേർന്ന് വാഹനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് ഇവർ പറഞ്ഞത് . സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ സംഭവം പുറത്തു വന്നത്. സനീഷ് എന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഇവർ നാലു പേരും. സനീഷിന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാഞ്ഞൂർ എത്തിയത്.
ചടങ്ങിൽ പങ്കെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് തമ്മിൽ തർക്കം ഉണ്ടാകുന്നതും അടി പിടിയിൽ കലാശിച്ചതും. മാതാവ്: ശ്രീദേവി സതീശൻ
സഹോദരൻ : സന്ദീപ്