"ഉമ്മൻ ചാണ്ടി ഇറക്കിയതു കടലാസ് വിമാനം'; ദേവർകോവിലിന്റേത് വിവരമില്ലാത്ത പ്രതികരണമെന്ന് സുധാകരൻ
Tuesday, October 17, 2023 6:01 AM IST
കണ്ണൂർ: കണ്ണൂരിൽ ഉമ്മൻ ചാണ്ടി ഇറക്കിയതു കടലാസ് വിമാനം ആണെന്നു പറഞ്ഞ മന്ത്രി അഹമ്മദ് ദേവർ കോവിലിനു മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിവരമില്ലാത്ത പ്രതികരണമാണു മന്ത്രി അഹമ്മദ് ദേവർ കോവിൽ നടത്തിയതെന്നു സുധാകരൻ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന് അനുമതി വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണ് .ഒരു പദ്ധതിയുടെ തീരുമാനം എടുക്കുന്നതിനുള്ള അവകാശം മന്ത്രിസഭയ്ക്കാണ്. പിണറായി വരും മുമ്പേതന്നെ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവൃത്തി തുടങ്ങിയതാണ്.
വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടിയെ മറന്നു. അന്തസും അഭിമാനവും ഉണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് ഇടാൻ സർക്കാർ തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.