ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണശാലകളിലായുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വിരുദുനഗർ ജില്ലയിലെ എം പുതുപ്പെട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബോഡു റെഡ്ഡിയപ്പെട്ടി എന്ന പടക്ക നിര്‍മാണശാലയുടെ ഗോഡൗണുകളിലാണ് സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റവരെ ശിവകാശിയിലും വിരുദുനഗറിലുമായുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദീപാവലി വില്‍പനയ്ക്കായി ഒട്ടേറെ പടക്ക ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഗോഡൗണിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.



എങ്ങനെയാണ് സ്റ്റോക്കിലേക്ക് തീ പടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ഗോഡൗണിലെ തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.