ന്യൂഡൽഹി: ആ​ഗോള ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035 ആകുമ്പോഴേയ്ക്കും ഇന്ത്യ സ്വന്തം സ്പെയ്സ് സ്റ്റേഷൻ നിർമിക്കുമെന്നും സർക്കാർ ഇറക്കിയ അറിയിപ്പിലുണ്ട്.

"ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ' എന്നാകും ഇതിന് പേര് നൽകുക. ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ​ഗ​ഗൻയാൻ ദൗത്യത്തിന്‍റെ പുരോ​ഗതി വിലയിരുത്താനും ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയാറാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായതെന്നും അധികൃതർ വ്യക്തമാക്കി.

ചന്ദ്രയാൻ 3, ആദിത്യ എൽ 1 എന്നീ ദൗത്യങ്ങളുടെ വിജയത്തിന് പിന്നാലെ ചേർന്ന യോ​ഗത്തിൽ ഭാവി ചന്ദ്രയാൻ ദൗത്യങ്ങൾ, നെക്സറ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്‍റെയും പുതിയ ലോഞ്ച് പാഡിന്‍റെയും നിർമാണം, ലബോറട്ടറിയുടെ നിർമാണം തുടങ്ങിയവയും ചർച്ച ചെയ്തു.



ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാർ​ഗരേഖ ബഹിരാകാശ വകുപ്പ് വൈകാതെ തയാറാക്കുമെന്നും അറിയിപ്പിലുണ്ട്. ചൊവ്വയിലേക്കും ശുക്രനിലേക്കും ഇത്തരത്തിൽ ദൗത്യങ്ങൾ നടത്തണമെന്നുള്ള നിർദ്ദേശവും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞർക്ക് നൽകി.