സ്കൂൾ വാഹനങ്ങൾ കൂട്ടിയിടിച്ചു; വിദ്യാർഥികൾക്ക് പരിക്ക്
Wednesday, October 18, 2023 1:55 AM IST
ന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ ബസ് സ്കൂൾ വാനിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്ക് പരിക്ക്. തെക്കു-പടിഞ്ഞാറൻ ഡൽഹിയിലെ കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ബസന്തര ലൈനിലാണ് സംഭവം. വാനിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സ്കൂൾ ബസിന്റെ ഡ്രൈവർ നവീൻ കുമാറി(25)നെ പിന്നീട് അറസ്റ്റ് ചെയ്തു. ദ്വാരകയിലെ സെന്റ്. തോമസ് സ്കൂളിന്റെ സ്കൂൾ ബസും കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെയും കൊണ്ടുവന്ന ഇക്കോ വാനുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ എല്ലാ കുട്ടികളും ഏഴു വയസിൽ താഴെയുള്ളവരാണ്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം കുട്ടികളെ ഡിസ്ചാർജ് ചെയ്തു. വാൻ ഡ്രൈവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
"ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസ് തെറ്റായ വശത്തേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ബന്ധപ്പെട്ട വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.