ലിയോയുടെ ആദ്യഷോ ഒമ്പതിനു തന്നെ; നിലപാടിലുറച്ച് സർക്കാർ
Wednesday, October 18, 2023 11:23 AM IST
ചെന്നൈ: വിജയ് ചിത്രം ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. രാവിലെ ഏഴിന് പ്രത്യേക പ്രദർശനം അനുവദിക്കുന്നത് പരിശോധിക്കാനുള്ള ചെന്നൈ ഹൈക്കോടതി നിര്‍ദേശത്തിനു മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പുലർച്ചെ നാലിന് പ്രത്യേക പ്രദർശനം നടത്താൻ അനുവദിക്കണമെന്ന നിർമാതാക്കളായ സെവന്ത് സ്ക്രീന്‍ സ്റ്റുഡിയോയുടെ ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് ലളിത് കുമാറും തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ആദ്യത്തെ ആറുദിവസത്തേക്കാണ് നിർമാതാക്കൾ ഇളവ് തേടിയത്.
തീരുമാനം ഡിജിപിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ തമിഴ്നാട്ടില്‍ ലിയോയുടെ ആദ്യ ഷോ സമയം രാവിലെ ഒമ്പതാണ്. രാവിലെ ഒമ്പതു മുതൽ പുലർച്ചെ ഒരുമണി വരെ അഞ്ച് ഷോ നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അജിത്ത് നായകനായ തുണിവ് എന്ന ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.