അഫ്ഗാനെതിരേ ന്യൂസിലന്‍ഡിന് പൊരുതാവുന്ന സ്കോര്‍; മറുപടി ബാറ്റിംഗിൽ മൂന്നു വിക്കറ്റ് നഷ്ടം
Wednesday, October 18, 2023 7:54 PM IST
ചെന്നൈ: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് പൊരുതാവുന്ന സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ന്യൂസിലന്‍ഡിന് ടീം സ്കോര്‍ 30ല്‍ എത്തിയപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.
20 റണ്‍സെടുത്ത ഡെവണ്‍ കോണ്‍വേയെ മുജീബ് വിക്കറ്റിനു മുമ്പില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു ഓപ്പണറായ വില്‍ യംഗ്(54), രചിന് രവീന്ദ്ര(32), ക്യാപ്ടന് ടോം ലാതം(68), ഗ്ലെന്‍ ഫിലിപ്സ്(71), മാര്‍ക്ക് ചാപ്മാന്(25) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കിവീസ് നിശ്ചിത 50 ഓവറില്‍ 288 റണ്‍സെടുക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 41 ഓവറില്‍ 200ല്‍ താഴെയായിരുന്ന സ്കോര്‍ പൊരുതാവുന്ന നിലയിലെത്തിച്ചത് അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സ് നടത്തിയ കടന്നാക്രമണമാണ്. അഫ്ഗാനായി അഷ്മത്തുള്ള, നവീന്‍ ഉള് ഹഖ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും റഷീദ് ഖാന്, മുജീബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്(11), ഇബ്രാഹിം സദ്രാന്(14),ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി(8) എന്നിവരാണ് പുറത്തായത്.