തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാർക്ക് ആശ്വാസം പകരുന്ന ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. ഇവർക്കുള്ള വേതനം 18,390 രൂപയിൽ നിന്നും 24,520 രൂപയാക്കിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

കിടപ്പു രോ​ഗികളേയും വയോജനങ്ങളേയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമവധി സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ച് വരുന്നതെന്നും കിടപ്പ് രോ​ഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാൻ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പാലിയേറ്റീവ് ശുശ്രൂഷ വേണ്ട രോ​ഗികളുടെ എണ്ണം വർധിക്കുന്നതിനാൽ അവർക്ക് മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാ​ഗമായാണ് ശമ്പളം വർധിപ്പിക്കാനുള്ള നീക്കം.

കേരളാ പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷന്‍ (സിഐടിയു) നല്‍കിയ നിവേദനം പരിഗണിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് വേതനം വർധിപ്പിക്കാൻ തീരുമാനമായത്.

"ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് കൊടുക്കാവുന്ന വേതനമായാണ് പാലിയേറ്റീവ് നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. പാലിയേറ്റീവ് നഴ്‌സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എന്‍/എഎന്‍എം പാസായവര്‍ക്കാണ് ഈ വേതനം ലഭിക്കുക. തീരുമാനത്തിന് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്'.

"ഇരുപത് ദിവസമെങ്കിലും രോ​ഗികൾക്കായി നഴ്സുമാരുടെ ഫീൽഡ് സർവീസ് ഉറപ്പാക്കും'. പാലിയേറ്റീവ് നഴ്‌സുമാര്‍ക്കുള്ള ഉത്സവബത്ത കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നവരുടേതിന് തുല്യമാക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.