ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 257 റണ്‍സ് വിജയലക്ഷ്യം
Thursday, October 19, 2023 6:40 PM IST
പൂന: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 257 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് സമ്മാനിച്ചത്.
സെഞ്ചുറി കൂട്ടുകെട്ടിലേക്ക് നീങ്ങുകയായിരുന്ന ഇവരെ 15-ാം ഓവറില്‍ കുല്‍ദീപ് യാദവാണ് പിരിച്ചത്. ടീം സ്കോര്‍ 93ല്‍ നില്ക്കുമ്പോള് 51 റണ്‍സെടുത്ത തന്‍സിദ് ഹസനെ കുല്‍ദീപ് വിക്കറ്റിനു മുമ്പില്‍ കുടുക്കുകയായിരുന്നു.
തുടര്‍ന്ന് അധികം താമസിക്കാതെ ലിട്ടണ്‍ ദാസും പുറത്തായി. 66 റണ്‍സായിരുന്നു ദാസിന്റെ സമ്പാദ്യം.
എന്നാല്‍, പിന്നീട് വന്നവരില്‍ മുഷ്ഫിക്കര്‍ റഹിം(38),മഹമ്മദുള്ള(46) എന്നിവര്‍ക്കു മാത്രമേ കാര്യമായ പ്രകടനം പുറത്തെടുക്കാനായുള്ളൂ.
അവസാന ഓവറുകളില്‍ മഹമ്മദുള്ള നടത്തിയ വെടിക്കെട്ടാണ് ബംഗ്ലാദേശിനെ 256ല്‍ എത്തിച്ചത്. 36 പന്തില്‍ മൂന്നുവീതം സിക്സും ഫോറും സഹിതമായിരുന്നു മഹമ്മദുള്ളയുടെ ഇന്നിംഗ്സ്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവും ശാര്‍ദൂല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും നേടി.