മഹുവ മൊയ്ത്ര ലോഗിൻ ഐഡി കൈമാറി; വെളിപ്പെടുത്തലുമായി ദർശൻ ഹിരാ നന്ദാനി
Thursday, October 19, 2023 11:36 PM IST
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തനിക്ക് പാർലമെന്റ് ലോഗിൻ ഐഡി കൈമാറിയെന്ന വെളിപ്പെടുത്തലുമായി വ്യവസായി ദർശൻ ഹിരാനന്ദാനി.
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട്, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാണ് ഐഡി കൈമാറിയതെന്നും പ്രധാനമന്ത്രിയെ ലക്ഷ്യമിടുന്നതിന് ഇതുമാത്രമാണ് മാർഗമെന്ന് മഹുവ കരുതിയിരുന്നതായും ദർശൻ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ എതിരാളിയായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ മേധാവിയിൽ നിന്നും മഹുവ മൊയ്ത്ര പണവും പാരിതോഷികങ്ങളും വാങ്ങിയെന്ന് ആരോപണങ്ങൾ നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ.
മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് ദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പണം വാങ്ങി ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതിന് തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കു പരാതി നൽകിയിരുന്നു.
ഐടി മന്ത്രിക്കു നൽകിയ പരാതിയിൽ മഹുവയുടെ ലോഗ് ഇൻ വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഹിരാനന്ദാനി ഗ്രൂപ്പിനു വേണ്ടിയാണു മഹുവ പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കുന്നതെന്ന് അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്റായിയെ ഉദ്ധരിച്ചാണു നിഷികാന്ത് പരാതി നൽകിയത്.
മഹുവയുടെ ലോഗ് ഇൻ ഉപയോഗിച്ച് മറ്റാരോ ആണു ചോദ്യങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ലോക്സഭയിൽ മഹുവ ഉന്നയിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം. ഇതിന് അടിവരയിടുന്നതാണ് പുതിയ സത്യവാങ്മൂലം.