ആലപ്പുഴ: വീട്ടിലെ കിടപ്പ് മുറിയില്‍ വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65)യെയാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസിയുടെ ഭര്‍ത്താവ് പൊന്നപ്പന്‍ വര്‍ഗീസിനെ (75) കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.

ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പൊന്നപ്പന്‍റെ നില ഗുരുതരമായി തുടരുകയാണ്. സംഭവസമയത്ത് വീട്ടില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. ഏക മകന്‍ വിനയ് ഭാര്യയും കുഞ്ഞുമായി ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.

ഭാര്യ ലിസിയെ കൊന്ന ശേഷം പൊന്നപ്പന്‍ ആത്മഹത്യക്ക് ശ്രമിച്ചതായിരിക്കാമെന്നാണ് പോലീസിന്‍റെ നിഗമനം. ലിസിക്കും പൊന്നപ്പനുമുള്ള ഉച്ചഭക്ഷണം ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നു. ഫുഡ് ഡെലിവറി ബോയ് വീട്ടിലെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. ഇതോടെ ഡെലിവറി ബോയ് വിനയ്‌യുടെ നമ്പരില്‍ വിളിച്ചു.

ഉടൻ തന്നെ വിനയ് ഇക്കാര്യം ബന്ധുവും സമീപവാസിയുമായ ജോര്‍ജിനെ വിളിച്ചറിയിച്ചു. ജോർജ് വീട്ടിലെത്തി അടുക്കളവാതിലിന്‍റെ ഗ്രില്ല് തുറന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ലിസിയും പൊന്നപ്പനും രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടത്.

പൊന്നപ്പനെ ശുചിമുറിയിലും ലിസിയെ കിടക്കമുറിയിലുമാണ് കാണപ്പെട്ടത്. ജോര്‍ജ്ജിന്‍റെ കടയിലെ ജോലിക്കാരനും സമീപവാസികളും ചേര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ തന്നെ ലിസിയുടെ മരണം സ്ഥിരീകരിച്ചു.

പനി മൂലം ഒരാഴ്ചയായി ലിസി ആശുപത്രിയിലായിരുന്നു. ബുധനാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വന്നത്. അനാരോഗ്യം മൂലമുള്ള മാനസിക വിഷമം ഇവര്‍ക്കുണ്ടായിരുന്നുവെന്ന് കുടുംബവുമായി അടുപ്പമുള്ള ചിലര്‍ പറഞ്ഞു.

സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. മകന്‍ വിനയ് ബാങ്ക് ഉദ്യോഗസ്ഥനാണ്.