ദേവഗൗഡയുടേത് അസംബന്ധ പ്രസ്താവന, ഏറ്റുപിടിച്ച് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകുന്നു: മുഖ്യമന്ത്രി
Friday, October 20, 2023 3:31 PM IST
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേവഗൗഡയുടേത് അസംബന്ധവും വാസ്തവവിരുദ്ധവുമായ പ്രസ്താവനയെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
മകന് മുഖ്യമന്ത്രിക്കസേര കിട്ടാന്‍ ബിജെപിക്കൊപ്പം പോയ ആളാണ് ദേവഗൗഡ. സ്വന്തം മലക്കം മറിച്ചിലിന് ദേവഗൗഡ ന്യായീകരണം കണ്ടെത്തുകയാണ്. പ്രസ്താവന തിരുത്തുന്നതാണ് രാഷ്ട്രീയ മര്യാദയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്തൊന്നും താന്‍ ദേവഗൗഡയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ജെഡിഎസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് തങ്ങളുടെ രീതിയല്ല. ദേവഗൗഡയുടെ പ്രസ്താവന ഏറ്റുപിടിച്ച് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നല്‍കിയെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. ഇതുകൊണ്ടാണ് ജെഡിഎസ് കേരളഘടകം ഇപ്പോഴും ഇടത് സര്‍ക്കാരിനൊപ്പം തുടരുന്നത്.
പാര്‍ട്ടിയെ രക്ഷിക്കാനാണ് തങ്ങള്‍ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം നല്‍കിയെന്നും ദേവഗൗഡ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ദേവഗൗഡയെ തള്ളി ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് രംഗത്തെത്തിയിരുന്നു. ദേവഗൗഡയുടെ പരാമര്‍ശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.