പെരുമ്പാവൂരിൽ രണ്ട് കോടിയുടെ ഹവാല പണം പിടിച്ചു; രണ്ടുപേർ പിടിയിൽ
Friday, October 20, 2023 7:49 PM IST
പെരുമ്പാവൂർ: രണ്ടുകോടി രൂപയുടെ ഹവാല പണവുമായി രണ്ടുപേരെ പെരുമ്പാവൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ കെ സജീവ് എന്നിവരാണ് പിടിയിലായത്.
എറണാകുളം റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പോലീസും ചേർന്നാണ് സംഘത്തെ കുടുക്കിയത്. വാഹന പരിശോധനയ്ക്കിടെ അങ്കമാലിയിൽ വച്ച് പോലീസ് സംഘം വാഹനം തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ നിർത്താതെ രക്ഷപെടാൻ ശ്രമിച്ചു.
പിന്നാലെ പോയ പോലീസ് സംഘം വല്ലത്ത് വച്ച് ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് സംഘം പണം കൊണ്ടുവന്നത്.
കാറിൽ പ്രത്യേകം അറകളിലാക്കി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. അങ്കമാലിയിൽ നിന്ന് സാഹസികമായി പിന്തുടർന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. സംഘത്തെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.