ഫുട്ബോൾ ഇതിഹാസം സർ റോബർട്ട് ചാൾട്ടൺ അന്തരിച്ചു
Saturday, October 21, 2023 11:34 PM IST
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടണ് (86) അന്തരിച്ചു. ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിനെ 1966ല്‍ ഫിഫ ലോകകപ്പ് കിരീടത്തില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചതാരമാണ്. ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനു പിന്നീട് കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ യൂത്ത് അക്കാദമിയിലൂടെയായിരുന്നു ബോബി ചാള്ട്ടണ് ഫുട്ബോൾ ലോകത്തേക്ക് എത്തിയത്. ക്ലബ്ബിനായി 17 വര്‍ഷം നീണ്ട കരിയറില്‍ 758 മത്സരങ്ങള്‍ കളിച്ചു. 249 ഗോള്‍ സ്വന്തമാക്കി.
1956 മുതല്‍ 1973വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്സിയണിഞ്ഞ ബോബി ചാള്ട്ടണ്, 1976ല്‍ വാട്ടര്‍ഫോഡ് യുണൈറ്റഡിനുവേണ്ടി ഇറങ്ങി. 1980ല്‍ ബ്ലാക് ടൗണ്‍ സിറ്റി ജഴ്സിയിലാണ് ഫുട്ബോള്‍ ലോകത്തോട് വിടപറഞ്ഞത്.
24 വര്‍ഷം നീണ്ട പ്രഫഷണല്‍ കരിയറിനിടെ 807 മത്സരങ്ങള്‍ ബോബി ചാള്ട്ടണ് കളിച്ചു, 260 ഗോളുകള്‍ സ്വന്തമാക്കി. 1958 മുതല്‍ 1970വരെ നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 106 മത്സരങ്ങളില്‍ 49 ഗോളും ഇതിഹാസ താരം സ്വന്തമാക്കി.