ഡൽഹിയിൽ ഹോട്ടലുടമയും മകനും കൊല്ലപ്പെട്ട നിലയിൽ
Sunday, October 22, 2023 3:26 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടൽ ഉടമയെയും മകനെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് മേഖലയിലാണ് സംഭവം.
അനുജ് സിംഗ്, മകൻ റൗണക്(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഭാര്യയും മകളും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
അനുജിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുമുണ്ട്. മൃതദേഹം കട്ടിലിൽ കിടക്കുകയായിരുന്നു. മകൻ രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വീട് കൊള്ളയടിക്കുകയും വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നബി കരിം പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡിസിപി (സെൻട്രൽ) എസ്.കെ. സെയിൻ പറഞ്ഞു.
ഹോട്ടലിൽ ജോലി ചെയ്തിരുന്ന ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സോനു എന്നയാൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്നു. ഇയാളെ രാവിലെ മുതൽ കാണാതായിട്ടുണ്ടെന്നും ഇയാളാകാം പ്രതിയെന്നും പോലീസ് വ്യക്തമാക്കി.
മൊബൈൽ ഫോണും കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും പ്രതി എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ദ്വാരകയിൽ അനൂജ് അടുത്തിടെ ഒരു വീട് വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയും അനൂജ് അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം അവരുടെ പുതിയ വീട്ടിലേക്ക് പ്രാർഥനയ്ക്കായി പോയിരുന്നു. എന്നാൽ അമ്മയും ഭാര്യയും മകളും ഇവിടെ തങ്ങിയെങ്കിലും അനുജും മകനും മടങ്ങുകയായിരുന്നു.
അനുജും മകനും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.