ഇന്ത്യയ്ക്ക് ടോസ്; ന്യൂസിലൻഡിന് ബാറ്റിംഗ്
Sunday, October 22, 2023 1:59 PM IST
ധരംശാല: ലോകകപ്പ് ക്രിക്കറ്റിലെ 21-ാം മത്സരത്തിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള സ്റ്റേഡിയത്തില്‍ തരംഗം സൃഷ്ടിക്കാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും ടോം ലാഥത്തിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ന്യൂസിലന്‍ഡും ലക്ഷ്യമിടുന്നത്. ഈ ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയം.
ഈ ലോകകപ്പില്‍ തുടര്‍ച്ചയായ നാല് ജയത്തിനുശേഷമാണ് ഇന്ത്യയും ന്യൂസിലന്‍ഡും അഞ്ചാം മത്സരത്തിനായി ധരംശാലയില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകള്‍. ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ഇതില്‍ ഒരു ടീം ഈ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി വഴങ്ങും. ആ തോല്‍വി സെമിയില്‍ ആരായിരിക്കും എതിരാളി എന്നു നിശ്ചയിക്കുന്നതായി മാറും. നാല് ജയം വീതമാണെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡാണ് (1.923) ഇന്ത്യക്ക് (1.659) മുന്നില്‍.
ഐസിസി മത്സരവേദിയില്‍ ന്യൂസിലന്ഡിനെതിരേ ഇന്ത്യക്ക് അത്രമികച്ച ചരിത്രമല്ല. 1992നുശേഷം നടന്ന ഐസിസി ഇവന്റുകളില്‍ ഒരു തവണ മാത്രമാണ് ന്യൂസിലന്ഡിനെതിരേ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്. എന്നാല്‍, ഇതുവരെ ആകെ എട്ട് തവണ ഇരു ടീമും ഐസിസി ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്ന് തവണ ഇന്ത്യ ജയം സ്വന്തമാക്കി. 1975 ജൂണ്‍ 14നായിരുന്നു ഇന്ത്യയും ന്യൂസിലന്‍ഡും ഐസിസി ഏകദിന ലോകകപ്പില്‍ ആദ്യമായി ഏറ്റുമുട്ടിയത്.
രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാർ യാദവ് അന്തിമ ഇലവനിലെത്തി. ബൗളർ ശാർദുൽ ഠാക്കൂറിനു പകരം മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തി. അതേസമയം, ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങളില്ല.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് ടീം: ഡെവൺ കോൺവേ, വിൽ യംഗ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.