കുടുംബത്തിനായി സമയം ചിലവഴിക്കുന്നില്ല; പോലീസുകാരിയെ വെടിവെച്ചു കൊന്ന് ഭർത്താവ്
Sunday, October 22, 2023 8:38 PM IST
പട്ന: ബിഹാറിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊലപ്പെടുത്തി ഭർത്താവ്. ആര്‍വാല്‍ സ്വദേശിയും ഭഗല്‍പുര്‍ പോലീസില്‍ ട്രെയിനിയുമായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്.
കൃത്യം നടത്തിയതിന് പിന്നാലെ ശോഭയുടെ ഭര്‍ത്താവ് ജെഹനാബാദ് സ്വദേശി ഗജേന്ദ്രയാദവ് ഒളിവില്‍പോയി. പ്രതിയ്ക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് പട്നയിലെ ഹോട്ടല്‍മുറിയില്‍ ശോഭാകുമാരിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നമാക്കിയ നിലയിലായിരുന്നു മൃതദേഹം.
മുറിയിലാകെ സിന്ദൂരം വിതറിയിരുന്നു. ക്ലോസ് റേഞ്ചിലാണ് യുവതിക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
ജോലി കിട്ടിയതിന് ശേഷം ശോഭാകുമാരി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ലെന്ന് ഭർത്താവിന് പരാതിയുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പരിശീലന കാലയളവായതിനാല്‍ ഒരു വര്‍ഷത്തിനിടെ രണ്ടുതവണ മാത്രമാണ് ശോഭാകുമാരി ഭര്‍തൃവീട്ടിലെത്തിയത്.
ആറുവര്‍ഷം മുന്‍പാണ് ഗജേന്ദ്രയാദവും ശോഭാകുമാരിയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്. കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന ഗജേന്ദ്രയാദവും ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന ശോഭാകുമാരിയും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.
2022ലാണ് ശോഭാകുമാരി പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭഗല്‍പുര്‍ പോലീസില്‍ പരിശീലനത്തിലായിരുന്ന ശോഭാകുമാരിയെ ഏതാനും ദിവസം മുന്‍പാണ് ദുര്‍ഗാപൂജ ഡ്യൂട്ടിയുടെ ഭാഗമായി പട്നയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് ഭാര്യയെ കാണാനായി പട്നയിലെത്തിയ ഭര്‍ത്താവ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
ജോലി നേടാനും പോലീസിന്റെ യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും ശോഭാകുമാരിയെ ഭര്‍ത്താവ് ഏറെ പിന്തുണച്ചിരുന്നതായാണ് വിവരം.
യുവതിയെ കായികപരിശീലനത്തിനായി ഗ്രൗണ്ടില്‍ കൊണ്ടുപോയിരുന്നതും ഭര്‍ത്താവായിരുന്നു. എന്നാല്‍, ജോലി ലഭിച്ചതിന് പിന്നാലെ ഭാര്യ കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ലെന്ന് ഗജേന്ദ്രയാദവിന് പരാതിയുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് ഗജേന്ദ്രയാദവ് പട്നയിലെ ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ശോഭാ കുമാരിയും മുറിയിലെത്തി. അല്പസമയത്തിന് ശേഷം ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് ഗജേന്ദ്രയാദവ് ഹോട്ടലിന് പുറത്തേക്ക് പോയി.
എന്നാല്‍, ഇയാള്‍ തിരികെ എത്തിയില്ല. പിന്നീട് ഇയാളുടെ മുറിയുടെ വാതില്‍ പാതിതുറന്ന നിലയില്‍ കണ്ട് ഹോട്ടല്ജീവനക്കാരന് പരിശോധിച്ചതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.