20 വർഷത്തിനു ശേഷം ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ; കോഹ്ലിയ്ക്ക് സെഞ്ചുറി നഷ്ടം
Sunday, October 22, 2023 11:01 PM IST
ധര്‍മശാല: അങ്ങനെ 20 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് ഇന്ന് അവസാനമായി. 2003നു ശേഷം ലോകകപ്പ് ടൂർണമെന്റുകളിൽ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല എന്ന പേരുദോഷമാണ് ധര്‍മശാലയിലെ നാലു വിക്കറ്റ് വിജയത്തോടെ രോഹിത് ശര്‍മയും സംഘവും കഴുകിക്കളഞ്ഞത്.
274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്.
ടീം സ്കോര്‍ 71ല്‍ നില്ക്കുമ്പോള് 46 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 26 റണ്‍സ് എടുത്ത ഗില്ലിനെയും ഫെര്ഗൂസന് പുറത്താക്കി.
പിന്നീട് വിരാട് കോഹ്ലിക്കൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍ താളം കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയര്‍ന്നു. ഒടുവില്‍ 33 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ കെ.എല്‍.രാഹുലിനെ കൂട്ടുപിടിച്ച് കോഹ്ലി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.
എന്നാല്‍ രാഹുല്‍(27), സൂര്യകുമാര്‍ യാദവ്(2) എന്നിവര്‍ അടുപ്പിച്ച് പുറത്തായതോടെ ഇന്ത്യ അപകടം മണത്തെങ്കിലും ന്യൂസിലന്ഡിനെതിരേ ഇന്ത്യയുടെ പതിവ് രക്ഷകനാകാറുള്ള ജഡേജ ക്രീസിലെത്തിയതോടെ ആശങ്കയകന്നു.
കോഹ്ലിയ്ക്കൊപ്പം ജഡേജ നിലയുറപ്പിച്ചതോടെ ഇന്ത്യൻ ക്യാന്പിൽ വിജയപ്രതീക്ഷകൾ സജീവമായി. ഒടുവില്‍ കഴിഞ്ഞ കളിയ്ക്കു സമാനമായി ഏവരും കോഹ്ലിയുടെ സെഞ്ചുറി പ്രതീക്ഷിച്ചുവെങ്കിലും ഇത്തവണ ഭാഗ്യം ബൗളിംഗ് ടീമിനൊപ്പമായിരുന്നു.
ടീം ജയിക്കാനും കോഹ്ലിയ്ക്ക് സെഞ്ചുറി അടിക്കാനും അഞ്ച് റണ്‍സ് വേണമെന്നിരിക്കെ, 48-ാം ഓവറില്‍ നാലാം പന്തില്‍ മാറ്റ് ഹെന്റിയെ സിക്സറിനു പറത്താനുള്ള കോഹ്ലിയുടെ ശ്രമം പാളി. പന്ത് ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളില്‍ വിശ്രമിച്ചു. കോഹ്ലിയ്ക്ക് 49-ാം സെഞ്ചുറിയും, ഇക്കാര്യത്തില്‍ സച്ചിനൊപ്പം എത്താനുള്ള അവസരവും നഷ്ടം.
പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമുണ്ടാകാതെ മുഹമ്മദ് ഷമി(1*)യെ കൂട്ടുപിടിച്ച് ജഡേജ(39*) ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കിവീസിനായി സെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍(130), രചിന് രവീന്ദ്ര(75) എന്നിവര്‍ക്കു മാത്രമാണ് മികച്ച ബാറ്റിംഗ് പുറത്തെടുക്കാനായത്.
ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമിയാണ് കളിയിലെ താരം.