അഖിലേഷ് "ഭാവി പ്രധാനമന്ത്രി': പോസ്റ്റർ വീണ്ടും; പരിഹസിച്ച് ബിജെപി
Monday, October 23, 2023 6:47 PM IST
ലക്നോ: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി വിശേഷിപ്പിക്കുന്ന പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ലക്നോവിലെ പാർട്ടി ഓഫീസിനു പുറത്താണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്.
സമാജ്വാദി പാർട്ടി വക്താവ് ഫക്രുൽ ഹസൻ ചന്ദ് ആണ് പോസ്റ്റർ സ്ഥാപിച്ചത്. പാർട്ടി ഓഫീസിന് പുറത്ത് ഇത്തരമൊരു പോസ്റ്റർ പതിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഫക്രുൽ ഹസൻ ചാന്ദ് പറഞ്ഞത് ഇപ്രകാരമാണ്."അഖിലേഷ് യാദവിന്റെ ജന്മദിനം ജൂലൈ ഒന്നിനാണ്. എന്നാൽ തങ്ങളുടെ നേതാവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമാജ്വാദി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിനം ഒന്നിലധികം തവണ ആഘോഷിക്കുന്നു'.
"ഇന്ന് ചില പാർട്ടി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അഖിലേഷ് യാദവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനും ജനങ്ങളെ സേവിക്കാനും പാർട്ടി പ്രവർത്തകർ പ്രാർഥിക്കുന്നു'.
അതേസമയം, ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് സർക്കാരിലെ മന്ത്രിയുമായ ഡാനിഷ് ആസാദ് അൻസാരി രംഗത്തെത്തി. ദിവാസ്വപ്നം കാണുന്നത് ആർക്കും തടയാനാകില്ല. എന്നാൽ ഒരാളുടെ കഴിവിനനുസരിച്ച് സ്വപ്നം കാണണം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ വിശ്വസിക്കുന്നു, രാജ്യം തീർച്ചയായും പ്രധാനമന്ത്രി മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നും ഡാനിഷ് അൻസാരി പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ ഈ വർഷം ആദ്യം രൂപീകരിച്ച 28 രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ ഇന്ത്യ ബ്ലോക്കിലെ അംഗമാണ് അഖിലേഷ് യാദവിന്റെ എസ്പി. എന്നാൽ സഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ ധാരണയിലെത്താത്തതിനെച്ചൊല്ലി കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള വാക്പോര് പൊട്ടിപ്പുറപ്പെട്ടിരുന്നു.
കോൺഗ്രസ്, സമാജ്വാദി പാർട്ടിയെ ഒറ്റിക്കൊടുക്കരുതെന്നും അവർക്ക് സഖ്യം വേണോ വേണ്ടയോ എന്ന് വ്യക്തമാക്കണമെന്നും യാദവ് അഖിലേഷ് പറഞ്ഞു.