കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Tuesday, October 24, 2023 2:35 AM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ദീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.
തുടർന്ന് വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു. ചൈൽഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തെ വീട്ടിൽ എത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് വീടിനു പിന്നിലൂടെ ഓടി രക്ഷപ്പെടാൻ ഷംസുദ്ദീൻ ശ്രമിച്ചെങ്കിലും പോലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കൊയിലാണ്ടിയിൽ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്.
മോഷ്ടിച്ച കമ്പിയുമായി പോലീസ് പിടിയിലായ ഇയാൾക്ക് കഴിഞ്ഞമാസമാണ് ജാമ്യം ലഭിച്ചത്.