ബിജെപി ബന്ധം ഗുണമാകില്ല; മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി
Tuesday, October 24, 2023 10:45 AM IST
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ.
ഒക്ടോബർ 30 നാണ് പ്രധാനമന്ത്രി മിസോറമിലെത്തുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മമിത് ടൗൺ സന്ദർശിക്കുന്ന അദ്ദേഹം ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുകയും ചെയ്യും.
"മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ ആളുകൾ (മെയ്തികൾ) നൂറുകണക്കിന് പള്ളികൾ കത്തിച്ചപ്പോൾ, അവർ (മിസോകൾ) അത്തരം ആശയങ്ങൾക്ക് എതിരായിരുന്നു. ഈ സമയത്ത് ബിജെപിയോട് അനുഭാവം പുലർത്തുന്നത് എന്റെ പാർട്ടിക്ക് വലിയ മൈനസ് പോയിന്റായിരിക്കും..' സോറാംതംഗ ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി ഒറ്റയ്ക്ക് വരികയും അദ്ദേഹം തനിയെ വേദി പങ്കിടുകയും ചെയ്യുന്നതാണ് നല്ലതെന്നും താൻ ഒറ്റയ്ക്ക് വേദിയിൽ കയറുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയുമാണ് സോറാംതംഗയുടെ എംഎൻഎഫ്. എന്നാൽ, മിസോറമിൽ ബിജെപിക്കൊപ്പം പാർട്ടി പ്രവർത്തിക്കുന്നില്ല.
നാൽപതംഗ മിസോറം നിയമസഭയിലേക്ക് നവംബർ ഏഴിനാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.