ലക്‌നോ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചു. കാന്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

രണ്ട് പേര്‍ക്ക് എച്ച്‌ഐവി, അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ആറ് മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗബാധ. കുട്ടികള്‍ എവിടെനിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് രോഗം ഉണ്ടായതെന്ന് വ്യക്തമല്ല.

തലാസീമിയ രോഗബാധയെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ആവശ്യമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. കൃത്യമായ ഇടവേളകളില്‍ രക്തം സ്വീകരിക്കുകയാണ് രോഗത്തെ നേരിടാനുള്ള മാര്‍ഗങ്ങളിലൊന്ന്.

ഇത്തരത്തിൽ രക്തം സ്വീകരിച്ച സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് സൂചന. 14 കുട്ടികള്‍ ഇക്കാലത്തിനിടെ വിവിധ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. എവിടെനിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തുക പ്രയാസകരമാണ്.

ലാലാ ലജ്പത് റായ് ആശുപത്രിയില്‍ 180 തലാസീമിയ രോഗികള്‍ രക്തം സ്വീകരിക്കുന്നുണ്ട്. എല്ലാ ആറുമാസം കൂടുമ്പോഴും ഇവര്‍ക്ക് അസുഖങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നുള്ള വിശദമായ പരിശോധന നടത്തും. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 14 കുട്ടികളില്‍ മാരക രോഗങ്ങള്‍ കണ്ടെത്തിയത്.

കുട്ടികളില്‍ കണ്ടെത്തിയ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡല്‍ ഓഫിസറുമായ ഡോ. അരുണ്‍ ആര്യ പറഞ്ഞു. ഇതില്‍ എച്ച്‌ഐവി ബാധയാണ് ഏറ്റവും ഗൗരവകരമെന്നും കുട്ടികള്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.