സൂപ്പർ സംവിധായകനെ കാണാൻ പാലക്കാട്ട് ജനസമുദ്രം; തിരക്കിൽപെട്ട് ലോകേഷിന് പരിക്ക്
Tuesday, October 24, 2023 3:01 PM IST
പാലക്കാട്: തീയറ്ററിൽ വൻവിജയമായി പ്രദർശനം തുടരുന്ന വിജയ് ചിത്രം ലിയോയുടെ പ്രൊമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തീയറ്ററിലായിരുന്നു സംഭവം. കാലിനു പരിക്കേറ്റ ലോകേഷ് കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി ചെന്നൈയിലേക്ക് മടങ്ങി.
ചൊവ്വാഴ്ച രാവിലെയാണ് ലോകേഷ് കനകരാജ് കേരളത്തിലെത്തിയത്. തിയറ്റർ സന്ദർശനത്തിനായി ലോകേഷ് എത്തുന്നുണ്ടെന്നറിഞ്ഞ് പാലക്കാട് അരോമ തിയറ്ററിൽ ജനസാഗരമായിരുന്നു. തുടർന്ന് ആരാധകർക്കിടയിൽ നിന്നും പുറത്തുകടക്കാൻ ലോകേഷ് പാടുപെടുകയായിരുന്നു.
തിരക്ക് അനിയന്ത്രിതമായതോടെ പോലീസെത്തി തിയറ്ററിനുള്ളിൽ ലാത്തി വീശി. തിയറ്റർ പ്രമോഷന് വേണ്ടി പൂർണരീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു തിയറ്ററിലുണ്ടായിരുന്നത്.
അരോമയ്ക്ക് പുറമേ, തൃശൂർ രാഗം തിയേറ്ററിലും കൊച്ചി കവിത തിയേറ്ററിലും ലോകേഷ് എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനു ശേഷം കൊച്ചിയിൽ വാർത്താസമ്മേളനവും ഒരുക്കിയിരുന്നു.
അതേസമയം, പരിക്ക് ചെറുതാണെന്നും എല്ലാവരെയും കാണാൻ ഉറപ്പായും കേരളത്തിലേക്ക് മടങ്ങിവരുമെന്നും ലോകേഷ് അറിയിച്ചു. എല്ലാവരെയും കാണാനായതിൽ സന്തോഷമുണ്ടെന്നും ലിയോ ആസ്വദിക്കുന്നത് തുടരൂ എന്നും ലോകേഷ് കുറിച്ചു.