കെഎസ്ആർടിസിയെ എൽഡിഎഫ് സർക്കാർ ദയാവധത്തിന് വിട്ടു: കെ.സുധാകരൻ
Tuesday, October 24, 2023 10:11 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയെ എൽഡിഎഫ് സർക്കാർ ദയാവധത്തിന് വിടുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല. തൊഴിലാളികൾക്കു കൂലി നൽകാത്ത ഈ സർക്കാരിനെ എങ്ങനെ ഇടതുപക്ഷ സർക്കാരെന്ന് വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
പത്താംതീയതിക്കകം ശന്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിന് പുല്ലുവിലയാണ് സർക്കാർ നൽകിയത്. കഴിഞ്ഞമാസത്തെ ശന്പളത്തിന്റെ പകുതി നൽകി. രണ്ടാം ഗഡു ഇനിയും നൽകിയിട്ടില്ല. സർക്കാരിന്റെ അലംഭാവം കൊണ്ട് ദുരിതത്തിലാകുന്നത് കെഎസ്ആർടിസിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ്.
രണ്ടുമാസത്തെ പെൻഷൻ ഇപ്പോൾ കുടിശികയാണ്. മരുന്നു വാങ്ങാൻ പോലും കാശില്ലാതെ പെൻഷൻകാരിൽ പലരും നരകയാതനയിലാണ്. ഇതൊന്നും കാണാനും കേൾക്കാനും തയാറാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സാധരണക്കാരായ നികുതിദായകരുടെ 30 കോടിയെടുത്ത് ആർഭാടത്തോടെ കെഎസ്ആർടിസി ബസിലേറി ജനസദസിന് പുറപ്പെടാനൊരുങ്ങുന്നത്.
ഖജനാവിൽ നിന്ന് കോടികൾ ധൂർത്തിനും അനാവശ്യചെലവിനുമായി പൊടിക്കുന്പോഴാണ് പണിയെടുത്ത കൂലിയും ആനുകൂല്യത്തിനുമായി കെഎസ്ആർടിസി തൊഴിലാളികളും പെൻഷൻകാരും നിരന്തരം സമരം ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.