ഹാമൂൺ ഭീതി ഒഴിഞ്ഞ് കേരളാതീരം; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Wednesday, October 25, 2023 6:51 AM IST
തിരുവനന്തപുരം: കേരളാതീരത്തു നിന്നും ഹാമൂൺ, തേജ് ചുഴലിക്കാറ്റുകളുടെ ഭീതി അകന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് ഇന്നലെ പടിഞ്ഞാറോട്ട് നീങ്ങി വൈകുന്നേരത്തോടെ ഇറാനപ്പുറം യെമനിൽ കരതൊട്ടു.
ബംഗാൾ ഉൾക്കടലിലെ ഹാമൂൺ ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 200 കിലോമീറ്റർ തെക്ക് - കിഴക്ക് ദിശയിൽ നിന്ന് സഞ്ചരിച്ച്, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്.
ഇതിന്റെ സ്വാധീനഫലമായി ഒഡീഷ, പശ്ചിമബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, ആസാം, മേഘാലയ സംസ്ഥാനങ്ങളിൽ മഴ പെയ്യും. ഈ വർഷത്തെ നാലാമത്തെയും ബംഗാൾ ഉൾക്കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ഹാമൂൺ. ഇറാനാണ് ഈ പേര് നിർദേശിച്ചത്.
അതേസമയം തുലാവർഷം എത്തിയതോടെ സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 - 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മുതൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.