വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്നും യാത്ര തിരിച്ചു; ആദ്യ കപ്പൽ ഉടൻ തീരം വിടും
Wednesday, October 25, 2023 7:25 AM IST
വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്നും വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു.
നവംബർ ഒന്പതിനും 15നും ഇടയിൽ കപ്പൽ വിഴിഞ്ഞത്തെത്തും എന്നാണ് വിവരം. ക്രെയിനുകളുമായി ആദ്യമെത്തിയ കപ്പൽ ഷെൻഹുവ 15 ഇന്നു വൈകിട്ടോ, നാളെ രാവിലെയോ തീരം വിടും. മൂന്നാമത്തെ ക്രെയിൻ ഇന്നലെ ഉച്ചയ്ക്കു ശേഷം ബെർത്തിൽ ഇറക്കി.
കഴിഞ്ഞ 12നാണു ഷെൻഹുവ 15 എത്തിയതെങ്കിലും സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം നിശ്ചയിച്ചിരുന്നത് 15നായിരുന്നു. കാലാവസ്ഥാ പ്രശ്നവും ചൈനീസ് പൗരൻമാരെ ഇറക്കുന്നതിലെ നിയമപ്രശ്നങ്ങളും കാരണം ഉദ്യമം നീണ്ടു.
യാഡിൽ ഉപയോഗിക്കുന്ന രണ്ടു റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളാണ് ആദ്യം ഇറക്കിയത്. ഇന്നലെ വലിയ റെയിൽ മൗണ്ടഡ് ക്വേയ് ക്രെയിനും ഇറക്കി. ബെർത്തിൽ ഉപയോഗിക്കേണ്ടതിനാൽ വലിയ ക്രെയിൻ ബെർത്തിലാണു സൂക്ഷിച്ചിരിക്കുന്നത്.
യാഡിൽ ഉപയോഗിക്കുന്ന ആറ് ക്രെയിനുകളുമായാണു രണ്ടാമത്തെ കപ്പൽ ഷെൻഹുവ 29 ചൈനയിൽനിന്നു പുറപ്പെട്ടത്. നവംബർ 15ന് എത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സഞ്ചാരവേഗം പരിഗണിക്കുന്പോൾ നിശ്ചയിച്ച സമയത്തിനും മുന്പു തന്നെ എത്താനാണ് സാധ്യത.
ആദ്യ കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണു വിഴിഞ്ഞത്ത് എത്തിയതെങ്കിൽ രണ്ടാമത്തെ കപ്പൽ നേരിട്ടു വിഴിഞ്ഞത്ത് എത്തുമെന്നതാണ് പ്രത്യേകത.