വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Wednesday, October 25, 2023 1:31 PM IST
തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ഈ സാഹചര്യത്തിൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കോഴിക്കോട് മരുതോങ്കരയിൽ നിപ ആന്റിബോഡി കണ്ടെത്തിയതായും ഐസിഎംആർ അറിയിച്ചിട്ടുണ്ട്. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായെന്നും മന്ത്രി പറഞ്ഞു.
നിപയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കോഴിക്കോട്ട് എന്നതുപോലെ വയനാട്ടിലും ചിട്ടയോടെ കൊണ്ടുപോകുമെന്നും വീണാ ജോർജ് അറിയിച്ചു.