പാഠപുസ്തകതാളുകളിൽനിന്ന് ഇന്ത്യ പുറത്ത്; ഭാരത് എന്നാക്കാൻ ശിപാർശ
Wednesday, October 25, 2023 6:21 PM IST
ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ "ഇന്ത്യ' യ്ക്ക് പകരം "ഭാരത്' എന്നാക്കാന്‍ എന്‍സിഇആര്‍ടി ശിപാര്‍ശ. എന്‍സിഇആര്‍ടി സോഷ്യല്‍സയന്‍സ് പാനലാണ് നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് കമ്മിറ്റി ചെയര്മാന് സി.ഐ. ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
എന്‍സിഇആര്‍ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്ഠ്യേനയാണ് ശിപാര്‍ശ നല്‍കിയതെന്നും പാനല്‍ തയാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനല്‍ പൊസിഷന്‍ പേപ്പറിലും ഇക്കാര്യം പരാമര്‍ശിച്ചതായും ഐസക് പറഞ്ഞു.
ഭരണഘടനയിൽത്തന്നെ പറയുന്നത് ‘ഇന്ത്യ അഥവാ ഭാരതം’ എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഭാരതം എന്നത് ഏറ്റവും പുരാതനമായ നാമമാണ്. 7000 വർഷത്തിലധികം പഴക്കമുള്ള പുരാതന ഗ്രന്ഥമായ വിഷ്ണു പുരാണത്തിൽ ഉൾപ്പെടെ ഭാരതം എന്നു പറയുന്നുണ്ടെന്നും ഐസക് വിശദീകരിച്ചു.
1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിനും പിന്നാലെയാണ് ഇന്ത്യ എന്ന പേര് പൊതുവായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും ഐസക് പറഞ്ഞു. ഇക്കാരണത്താൽ പാഠപുസ്തകങ്ങളിൽ പൊതുവായി രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമെന്ന് സമിതി ഐകകണ്ഠ്യേനയാണ് ശിപാർശ ചെയ്തതെന്ന് ഐസക് കൂട്ടിച്ചേർത്തു.