നിപ ഒഴിഞ്ഞെങ്കിലും പച്ചക്കറി കയറ്റുമതിക്ക് കരിപ്പൂർ എയർപോർട്ടിൽ നിയന്ത്രണം
Thursday, October 26, 2023 3:33 AM IST
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിക്ക് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും കരിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.
കടുത്ത നിയന്ത്രണങ്ങൾ മൂലം പച്ചക്കറി കയറ്റുമതിക്ക് മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. നിപ ഫ്രീ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ദുബായി, അബുദാബി, ഷാർജ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് പച്ചക്കറിയും പഴങ്ങളും അയക്കാൻ സാധിക്കുകയുള്ളൂ.
നിപ സ്ഥിരീകരിച്ച കോഴിക്കോടിന് സമീപമുള്ള വിമാനത്താവളം എന്നതിനാലാണ് കരിപ്പൂർ വഴിയുള്ള കയറ്റുമതിക്ക് നോ നിപ്പ സർട്ടിഫിക്കറ്റിന് കടുംപിടുത്തം.കോഴിക്കോട്ടെ നിപ ഭീഷണി ഒഴിഞ്ഞെങ്കിലും കരിപ്പൂർ വിമാനത്താവളം വഴിയുള്ള കയറ്റുമതിക്ക് ആരോഗ്യവകുപ്പ് അനുകൂല നിലപാടെടുക്കുന്നില്ലെന്നാണ് പരാതി.