ആര്‍എസ്എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേര്: എം.വി. ഗോവിന്ദന്
Thursday, October 26, 2023 11:09 AM IST
ന്യൂഡൽഹി: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള ശിപാർശക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആര്‍എസ്എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറുടെ നിലപാടാണ് ഇതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മുൻപ് പേര് മാറുന്നതിൽ സുപ്രീം കോടതി നിലപാട് തേടിയപ്പോൾ കേന്ദ്രം പേര് മാറില്ലെന്നാണ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രഫ. സി.ഐ. ഐസക് അധ്യക്ഷനായ എൻസിഇആർടിയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടുരേഖയിലാണ് വിവാദ ശിപാർശ.
പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശിപാർശകളിൽ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുക എന്നത്. പ്രാചീന ചരിത്രത്തെ ക്ലാസിക്കൽ ചരിത്രമെന്ന് പുനഃർനാമകരണം ചെയ്യണമെന്നും ഭാരതത്തിന്റെ പുരാതന ജ്ഞാനസ്രോതസുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാനവ്യവസ്ഥ (ഇന്ത്യൻ നോളജ് സിസ്റ്റം - ഐകെഎസ്) സിലബിസിന്റെ ഭാഗമാക്കണമെന്നും സമിതി ശിപാർശ ചെയ്തു.
എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണം നടത്താൻ സമയമായിട്ടില്ലെന്നാണ് എൻസിആർടിയുടെ പ്രതികരണം.