കാഷ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനവുമായി പാക് സൈന്യം; ബിഎസ്എഫ് തിരിച്ചടിച്ചു
Friday, October 27, 2023 10:36 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. അര്‍ണിയ സെക്ടറില്‍ നടന്ന വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. ഒരു ബിഎസ്എഫ് ജവാനും നാല് ഗ്രാമീണര്‍ക്കും പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ്പ് ഇന്ന് പുലര്‍ച്ചെ മൂന്ന് വരെ നീണ്ടു. യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പാക് ആക്രമണത്തിനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബിഎസ്എഫ് ആക്രമണത്തില്‍ രണ്ട് പാക് ബങ്കറുകള്‍ തകര്‍ത്തെന്നാണ് വിവരം. ഒന്‍പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ പാക് സേന വീണ്ടും പ്രകോപനമുണ്ടാക്കിയത്.
2021 ഫെബ്രുവരിയിലെ ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനമാണ് വ്യാഴാഴ്ച ഉണ്ടായത്. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കും.